ഗ്രാമസഭ/വാർഡ് സഭ
ഗ്രാമസഭ / വാർഡ് സഭ വിവരങ്ങളും അധികാരങ്ങളും
പൊതുവിവരങ്ങളും ഭരണഘടനാപരമായ ഘടനയും
ഗ്രാമസഭ / വാർഡ് സഭ
ഒരു ഗ്രാമപഞ്ചായത്തിന്റെ ഭൂപ്രദേശത്തിൽ ഉൾപ്പെട്ട ഒരു ഗ്രാമത്തെ സംബന്ധിച്ച വോട്ടർപട്ടികയിൽ പേര് ചേർത്തിട്ടുള്ള എല്ലാ ആളുകളും ചേർന്നതാണ് ആ ഗ്രാമത്തിന്റെ ഗ്രാമസഭ എന്ന് കരുതപ്പെടുന്നതാണ്.
മെമ്പർ
ഒരു ഗ്രാമത്തിലെ ഒരു വാർഡിലെ വോട്ടർ ആ വാർഡിലെ ഗ്രാമസഭയിലെ മെമ്പറാണ്. അതുപോലെ മുനിസിപ്പാലിറ്റിയിലെ ഒരു വാർഡിലെ വോട്ടർ ആ വാർഡ്സഭയിലെ മെമ്പറാണ്.
കൺവീനർ
വാർഡ് മെമ്പർമാർ/ഗ്രാമസഭകളുടേയും വാർഡ് കൗൺസിലർമാർ വാർഡ് സഭകളുടെയും കൺവീനർമാരാണ്. കൺവീനർക്ക് തടസ്സമുണ്ടായാൽ തദ്ദേശഭരണ സ്ഥാപനത്തിന്റെ അദ്ധ്യക്ഷന് തൊട്ടടുത്ത വാർഡംഗത്തെ കൺവീനറായി നിയമിക്കാം. യോഗങ്ങൾ വിളിച്ചുചേർക്കേണ്ട ഉത്തരവാദിത്വവും ഇവരിലാണ്.
അദ്ധ്യക്ഷൻ
ഗ്രാമസഭയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും വാർഡ്സഭയിൽ മുൻസിപ്പൽ ചെയർപേഴ്സണും അദ്ധ്യക്ഷത വഹിക്കണം. ഇവരുടെ അസാന്നിദ്ധ്യത്തിൽ വൈസ് പ്രസിഡന്റ്/ഡെപ്യൂട്ടി ചെയർപേഴ്സൺ അല്ലെങ്കിൽ ചുമതലപ്പെടുത്തിയവർ/കൺവീനർ അദ്ധ്യക്ഷത വഹിക്കും.
ക്വാറവും പ്രത്യേക യോഗവും
ആകെ വോട്ടർമാരുടെ 10 ശതമാനമാണ് ക്വാറം (മാറ്റിവെച്ച് ചേരുമ്പോൾ 50 പേർ). വോട്ടർമാരിൽ 10% പേർ രേഖാമൂലം ആവശ്യപ്പെട്ടാൽ 15 ദിവസത്തിനകം പ്രത്യേക യോഗം വിളിക്കണം. ചോദ്യങ്ങൾ, നിർദ്ദേശങ്ങൾ എന്നിവ എഴുതി നൽകാം, പ്രമേയങ്ങൾ ഭൂരിപക്ഷത്തോടെ പാസാക്കാം.
കോ-ഓർഡിനേറ്റർ
ഗ്രാമപഞ്ചായത്ത്/മുനിസിപ്പാലിറ്റി തീരുമാനിക്കുന്ന ഒരു ഉദ്യോഗസ്ഥൻ ഗ്രാമസഭയുടെ/വാർഡ് സഭയുടെ കോ-ഓർഡിനേറ്ററായി പ്രവർത്തിക്കേണ്ടതാണ്. ഗ്രാമസഭയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിലും കൺവീനറെ ഇദ്ദേഹം സഹായിക്കണം.
അധികാരങ്ങളും ചുമതലകളും
പദ്ധതി ആസൂത്രണവും നിർവ്വഹണവും
- വികസന പദ്ധതികൾ ആവിഷ്കരിക്കുന്നതിനാവശ്യമായ വിശദാംശങ്ങൾ ശേഖരിക്കാൻ സഹായിക്കുക.
- പദ്ധതികളുടെയും വികസന പരിപാടികളുടെയും നിർദ്ദേശങ്ങൾ തയ്യാറാക്കി മുൻഗണന നിശ്ചയിക്കുക (കരട് പ്രോജക്ടുകൾ അച്ചടിച്ചു വിതരണം ചെയ്യണം).
- പദ്ധതികൾ ഫലപ്രദമായി നടപ്പാക്കാൻ സന്നദ്ധസേവനം, ധനസഹായം തുടങ്ങിയവ ലഭ്യമാക്കുക.
പൊതുസൗകര്യ പദ്ധതികൾ
- തെരുവുവിളക്കുകൾ സ്ഥാപിക്കേണ്ട സ്ഥലങ്ങൾ നിർദ്ദേശിക്കുക.
- പൊതുജലവിതരണ ടാപ്പുകൾ, പൊതുകിണറുകൾ എന്നിവയുടെ സ്ഥാനം നിർണ്ണയിക്കുക.
- പൊതുശുചിത്വ ഘടകങ്ങൾ, ജലസേചന സൗകര്യങ്ങൾ, മറ്റ് പൊതുസൗകര്യ പദ്ധതികൾ എന്നിവ എവിടെ സ്ഥാപിക്കണമെന്ന് നിർദ്ദേശിക്കുക.
മരാമത്ത് പണികൾ
- നടപ്പാക്കിയതോ ഉദ്ദേശിക്കുന്നതോ ആയ പ്രവൃത്തികളുടെ എസ്റ്റിമേറ്റും ചെലവ് വിവരങ്ങളും അറിയുക (വിശദാംശങ്ങൾ വിതരണം ചെയ്യണം).
- വികസന പരിപാടികൾ ഏറ്റെടുക്കുന്ന ഗുണഭോക്തൃ കമ്മറ്റികളെ നിരീക്ഷിക്കുകയും സഹായിക്കുകയും ചെയ്യുക.
- പ്രദേശത്ത് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പണികളെ സംബന്ധിച്ച വിശദമായ എസ്റ്റിമേറ്റുകളുടെ വിവരങ്ങൾ ശേഖരിക്കുക.