സ്ഥാപനചരിത്രം

നമ്മുടെ സംസ്ഥാനത്ത് പഞ്ചായത്തുകള്‍ രൂപീകൃതമായപ്പോള്‍ ഇന്നത്തെ തൊളിക്കോട് ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ അന്നത്തെ ഉഴമലയ്ക്കല്‍ പഞ്ചായത്തില്‍ ആയിരുന്നു. തുടര്‍ന്ന് ഈ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി വിതുര ഗ്രാമപഞ്ചായത്ത് രൂപം കൊണ്ടു. നമ്മുടെ പഞ്ചായത്തിലെ പുളിമൂട് എന്ന സ്ഥലത്ത് വാടക കെട്ടിടത്തിലാണ് ആദ്യ ഘട്ടത്തില്‍ വിതുര പഞ്ചായത്ത് ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. 
    1973 - ല്‍ ആണ് തൊളിക്കോട് ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്. അതിന് വളരെ മുമ്പ് 1952 -ല്‍ സ്ഥാപിതമായ ശരിയത്തൂല്‍ ഇസ്ലാം ലൈബ്രറിയാണ് പഞ്ചായത്ത് എന്ന ആശയം (ഇന്നത്തെ തൊളിക്കോട് ലൈബ്രറി) പൊതുജന മദ്ധ്യത്തില്‍ ഉയര്‍ത്തികൊണ്ട് വന്നത്.
മഴക്കാലത്ത് തൊളി (ചെളി) കെട്ടിക്കിടന്ന് തോടു പോലെ കാണപ്പെടുന്നതിനാല്‍ മനുഷ്യര്‍ക്ക് സഞ്ചരിക്കാനാവുമായിരുന്നില്ല. തൊളി കെട്ടിക്കിടക്കുന്ന സ്ഥലം തൊളിത്തോട് കാലാന്തരത്തില്‍ രൂപ മാറ്റം പ്രാപിച്ചാണ് തൊളിക്കോട് എന്ന പേര് ഉണ്ടായതെന്ന് പഴമക്കാര്‍ പറയുന്നു.
തൊളിക്കോട് ജംഗ്ഷനില്‍ മത്സ്യ തൊഴിലാളി യൂണിയന്‍റെ വാര്‍ഷിക ഉദ്ഘാടനത്തിന് എത്തിയ അന്നത്തെ പഞ്ചായത്ത് വകുപ്പ് മന്ത്രി ശ്രീ. അവുക്കാദര്‍കുട്ടിനഹ യ്ക്ക് തൊളിക്കോട് പഞ്ചായത്ത് രൂപീകരിച്ച് കിട്ടണമെന്ന ആവശ്യം ഉന്നയിച്ച് കൊണ്ട് നൂറ്കണക്കിന് ആളുകള്‍ ഒപ്പിട്ട നിവേദനം നല്‍കുകയും തുടര്‍ന്ന് സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ ശക്തമായ സമ്മര്‍ദ്ദങ്ങളുടെ ഫലമായി സര്‍ക്കാരില്‍ നിന്ന് അനുകൂലമായ നടപടികള്‍ കൈകൊണ്ടു. തുടര്‍ന്ന് ഇന്നത്തെ തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന അന്നത്തെ വിതുര പഞ്ചായത്ത് ഭരണ സമിതിയോട് വിഭജനത്തെ സംബന്ധിച്ച് അഭിപ്രായം ആരാഞ്ഞപ്പോള്‍ ഭൂരിപക്ഷം അംഗങ്ങളും എതിര്‍ത്തു. 01.03.1973 ല്‍ നിലവില്‍ വരത്തക്ക വിധം തൊളിക്കോട് പഞ്ചായത്ത് രൂപീകരിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമനത്തിനെതിരെ ഉത്തരവ് ഇറങ്ങിയതില്‍ പ്രതിഷേധിച്ച് അന്നത്തെ വിതുര പഞ്ചായത്ത് പ്രസിഡന്‍റ് ആയിരുന്ന ശ്രീ.കെ. സാംബശിവന്‍ രാജി വച്ചു. 
    പുതുതായി രൂപം കൊണ്ട തൊളിക്കോട് പഞ്ചായത്തില്‍  ശ്രീ എസ്. കെ ആശാരി (പുളിച്ചാമല), ശ്രീ പുഷ്കരപണിക്കര്‍ (പനയ്ക്കോട്), ശ്രീ എം. അബ്ദുല്‍ ഖനി, ആനപ്പെട്ടി ശ്രീ കെ. വേലായുധന്‍ നായര്‍(മലയടി), ശ്രീ ലക്ഷ്മണന്‍ കാണി,(റിസര്‍വ്വേഷന്‍ അംഗം), സര്‍ക്കാര്‍ നോമിനികളായ ശ്രീ റ്റി. എം. സാലി , ശ്രീ. ഈസുകുഞ്ഞ്, ശ്രീമതി നളിനി കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ ഉള്‍പ്പെട്ട അഡ്ഹോക്ക് കമ്മിറ്റി 17-3-1973 ല്‍ നിലവില്‍ വന്നു. ശ്രീ റ്റി. എം സാലി ആയിരുന്നു ആദ്യ പഞ്ചായത്ത് പ്രസിഡന്‍റ്. 
തൊളിക്കോട് ഗ്രാമപഞ്ചായത്തിന്‍റെ രൂപീകരണത്തിനും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയ നിരവധി മഹത്വ്യക്തികളെ ഈ സന്ദര്‍ഭത്തില്‍ നന്ദിപൂര്‍വ്വം സ്മരിക്കേണ്ടതുണ്ട്. ശ്രീ. റ്റി. എം. സാലി, പി. എം. ഇസ്മായില്‍, എന്‍. എം. സാലി, എ. അബ്ദുല്‍ റഷീദ് ഫോറസ്റ്റര്‍ അലിയാരുകുഞ്ഞ്, എസ്. സൈനുദ്ദീന്‍, എന്‍. അബ്ദുല്‍ ബഷീര്‍, ടീച്ചര്‍ അലിയാരുകുഞ്ഞ്, ചെറുവക്കോണം ബേക്കര്‍, എം. മുഹമ്മദ് അബ്ദുല്‍ ഖാദര്‍ എന്നീ പേരുകള്‍ പ്രത്യേകം എടുത്ത് പറയേണ്ടതാണ്. പഞ്ചായത്ത് പ്രവര്‍ത്തിക്കുവാന്‍ സൗജന്യമായി കെട്ടിടം വിട്ടുതരുകയും പഞ്ചായത്തിന്‍റെ വളര്‍ച്ചയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ച വ്യക്തിയുമാണ് വിദ്യാഭ്യാസ വകുപ്പ് റിട്ടയേര്‍ഡ് സൂപ്രണ്ട് ശ്രീ. എ. എം. ബേക്കര്‍.